Latest Updates

ഫ്‌ലോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്‍മോറിനും ഒപ്പമുണ്ടായിരുന്നു. കടല്‍പരപ്പില്‍ ഇറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് യുഎസ് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റ് നീണ്ട സുരക്ഷാ പരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നതോടെ, 4.25ന് യാത്രികരെ ഓരോരുത്തരെയായി പുറത്തേക്കു കൊണ്ടുവന്നു. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി മാറ്റി, പിന്നീട് നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കു ഹെലികോപ്റ്ററില്‍ കൊണ്ടുപോയി. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന് വൈവിധ്യമാര്‍ന്ന വരവേല്‍പാണ് ലഭിച്ചത്. യുഎസ് കോസ്റ്റ് ഗാര്‍ഡിനൊപ്പം ഡോള്‍ഫിന്‍ കൂട്ടവും പേടകത്തിനടുത്തെത്തിയത് കൗതുകമാവുകയായിരുന്നു. പേടകത്തിനു ചുറ്റുമെത്തിയ ഡോള്‍ഫിനുകളുടെ ദൃശ്യങ്ങള്‍ നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. 2024 ജൂണില്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യ ദൗത്യത്തിനായി ഐഎസ്എസിലേക്കു പോയ സുനിതയും ബുച്ചും, ഒരാഴ്ചക്കുള്ളില്‍ മടങ്ങാനിരന്നെങ്കിലും സാങ്കേതിക തകരാര്‍മൂലം മടക്കയാത്ര നീണ്ടു. ഒടുവില്‍ ഡ്രാഗണ്‍ പേടകം വഴി യാത്ര പൂര്‍ത്തിയാക്കാനായതില്‍ ബഹിരാകാശ ഏജന്‍സികളും ഗവേഷകരും ആശ്വാസം പ്രകടിപ്പിച്ചു.

Get Newsletter

Advertisement

PREVIOUS Choice